ടെലഗ്രാമിലൂടെ വിറ്റത് കുട്ടികളുടെ 4000 അശ്ലീല വീഡിയോകള്‍
ഖരഗ്പുര്‍ (യുപി): കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന നാലായിരത്തോളം വരുന്ന അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ വിറ്റ 17-കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖരഗ്പുരിലാണ് സംഭവം. ടെലഗ്രാമിലൂടെ തന്നെയാണ് പ്രതിക്ക് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു വീഡിയോക്ക് 3000 രൂപമുതല്‍ 20000 രൂപവരെയാണ് പ്രതി ഈടാക്കിയിരുന്നത്.
രാജ് എന്ന വിതരണക്കാരനാണ് വീഡിയോകള്‍ പ്രതിക്ക് അയച്ചുനല്‍കിയിരുന്നത്. വീഡിയോ വില്‍പ്പനയ്ക്ക് പ്രതിക്ക് ഇയാള്‍ 30 ശതമാനം കമ്മീഷനും നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.
ഒരു സന്നദ്ധ സംഘടനയില്‍ നിന്ന് ഖരഗ്പുര്‍ സൈബര്‍ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് പ്രതിയിലേക്ക് നയിച്ചത്. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച ഖരഗ്പുര്‍ പോലീസ് വ്യാഴാഴ്ച പ്രതിയെ പിടികൂടുകയും ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍, വീഡിയോകള്‍ വിതരണം ചെയ്യാന്‍ നെക്കോഗ്രാം മൊബൈല്‍ ആപ്ലിക്കേഷനും ടെലഗ്രാമും ഉപയോഗിച്ചതായി കൗമാരക്കാരന് സമ്മതിച്ചതായി സീനിയര്‍ പോലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവര്‍ പറഞ്ഞു. വീഡിയോയ്ക്ക് കുറഞ്ഞത് 3000 രൂപയാണ് ഈടാക്കിയിരുന്നത്. ചില വീഡിയോകള്‍ക്ക് 20,000 രൂപവരെ വിലയിട്ടിരുന്നു. ആവശ്യക്കാരില്‍ നിന്ന് പണം ലഭിച്ച ശേഷം പ്രതി ഇത് വിതരണക്കാരനായ രാജിന് അയക്കുകയായിരുന്നു പതിവ്.
പ്രതിയില്‍ നിന്ന് ദൃശ്യങ്ങള്‍ വാങ്ങിയിട്ടുള്ള ഈ വിതരണ ശൃംഖലയില്‍ ഉള്‍പ്പെട്ട ബാക്കിയുള്ളവരുടെ വിവരങ്ങളും സൈബര്‍ പോലീസ് ശേഖരിച്ചുവരികയാണ്.