തിരുവനന്തപുരം: ട്രെയിന്‍ ടിക്കറ്റിനായി ഇനി മുതല്‍ തിക്കിത്തിരക്കി ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ട. റെയില്‍വേ സ്റ്റേഷനില്‍ പതിപ്പിച്ചിരിക്കുന്ന ക്യു ആര് കോഡില്‍ സ്കാന്‍ ചെയ്താല്‍ മതി, ടിക്കറ്റ് റെഡി. ബുക്ക് ചെയ്യാതെ യാത്ര ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ ടിക്കറ്റ് ലഭിക്കാനായി സതേണ്‍ റെയില്‍വേയാണ് യു.ടി.എസ് (അണ് റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) മൊബെെല്‍ ആപ്പ് വഴി ക്യു ആര് (ക്യുക്ക് റെസ്പോണ്‍സ്) കോഡ് ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി എല്ലാ സ്റ്റേഷനുകള്‍ക്കും ക്യു ആര് കോഡുകള്‍ തയാറാക്കും. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനാവും.
2019 ലാണ് യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്യാതെ ടിക്കറ്റ് എടുക്കാന്‍ വേണ്ടി റെയില്‍വേ യു.ടി.എസ് മൊബെെല്‍ ആപ്പ് പുറത്തിറക്കിയത്. ആപ്പില്‍ ഉപയോഗിച്ചിരിക്കുന്ന ജി. പി. എസ് സംവിധാനം വഴി യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ലഭിച്ചിരുന്നു. ട്രാക്കില്‍ നിന്നും സ്റ്റേഷന് പരിസരത്ത് നിന്നും 25 മീറ്റര്‍ മാറിയതിന് ശേഷമേ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇതുപ്രകാരം പ്ലാറ്റ്ഫോമില്‍ നിന്ന് ടിക്കറ്റ് എടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ക്യുആര്‍ കോഡ് ടിക്കറ്റിംഗ് സംവിധാനം വരുന്നതോടെ ഈ പരിമിതി മാറിക്കിട്ടും. അപ്പ് തുറന്ന് സ്റ്റേഷനിലെ ക്യുആര്‍ കോഡില്‍ സ്കാന്‍ ചെയ്താല്‍ മാത്രം മതി. ടിക്കറ്റുകള്‍ ലഭിക്കും. ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള 105 സ്റ്റേഷനുകളിലും ക്യുആര്‍ കോഡ് സംവിധാനം പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.