ഇന്നും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; മൂന്ന് ദിവസത്തിനിടെ 12-ാമത്തെ സംഭവം
ന്യൂഡൽഹി: വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത് തുടർക്കഥയാകുന്നു. ബംഗളൂരുവിലേക്ക് പോകുന്ന ആകാശ് എയർ വിമാനത്തിനും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനും ഇന്ന് ബോംബ് ഭീഷണിയുണ്ടായി. ഇതോടെ മൂന്ന് ദിവസത്തിനുള്ളിൽ ഭീഷണി സന്ദേശം ലഭിക്കുന്ന വിമാനങ്ങളുടെ എണ്ണം 12 ആയി.
ക്യുപി 1335 വിമാനത്തിൽ 3 കുട്ടികളും ഏഴ് ജീവനക്കാരും ഉൾപ്പെടെ 177 പേർ ഉണ്ടായിരുന്നതായി ആകാശ് എയർ വക്താവ് പറഞ്ഞു. ഭീഷണിയെ തുടർന്ന് വിമാനം ഡൽഹിയിലേക്ക് തിരിച്ചു. ഇൻഡിഗോയുടെ 6E 651 മുംബൈ-ഡൽഹി വിമാനം അഹമ്മദാബാദിലേക്കാണ് തിരിച്ചുവിട്ടത്. വിമാനം ഐസ്വലേഷൻ ബേയിലേക്ക് മാറ്റിയതായും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായും ഇൻഡിഗോ വക്താവ് പറഞ്ഞു.
എയർ ഇന്ത്യ ഡൽഹി-ഷിക്കാഗോ, ഇൻഡിഗോ ദമ്മാം-ലക്നൗ, എയർ ഇന്ത്യ എക്സ്പ്രസ് അയോധ്യ-ബെംഗളൂരു, ദർഭംഗയിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ്, ബാഗ്ഡോഗ്രയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആകാശ് എയർ, അമൃത്സർ-ഡെറാഡൂൺ-ഡൽഹി അലയൻസ് എയർ, മധുരയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കാണ് ചൊവ്വാഴ്ച ബോംബ് ഭീഷണിയുണ്ടായത്. തിങ്കളാഴ്ച രണ്ട് ഇൻഡിഗോ വിമാനത്തിനും ഒരു എയർ ഇന്ത്യ വിമാനത്തിനും വ്യാജ ഭീഷണി സന്ദേശം ഉണ്ടായിരുന്നു.
രാവിലെ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഇതിന് മുന്നോടിയായി സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ ഉദ്യോഗസ്ഥരുമായും വിഷയം ചർച്ച ചെയ്തിരുന്നു. ഭീഷണി സന്ദേശം അയച്ച ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡാർക്ക് വെബും നിരീക്ഷിച്ചു വരികയാണെന്നും വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.