കാസർകോടിനെ നടുക്കിയ സൈനുൽ ആബിദ് വധക്കേസ് വിചാരണ ആരംഭിച്ചു
കാസർകോട്: എസ്ഡിപിഐ പ്രവർത്തകനും കാസർകോട് എം.ജി റോഡിലെ ബെഡ് കടയിലെ ജീവനക്കാരനുമായ തളങ്കര, നുസ്രത്ത് നഗറിലെ സൈനുൽ ആബിദി(24)നെ കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. 2014 ഡിസംബർ 22ന് രാത്രിയിലാണ് സൈനുൽ ആബിദ് കൊല്ലപ്പെട്ടത്. പിതാവിൻ്റെ ഉടമസ്ഥതയിലുള്ള കടയിൽ വച്ച് വ്യക്തിവിരോധം വച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ തുടങ്ങി 21 പ്രതികളാണ് കേസിലുള്ളത്. എട്ടാംപ്രതി ജ്യോതിഷ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് കാപ്പ പ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിലെ മുഖ്യസാക്ഷിയും സൈനുൽ ആബിദിന്റെ പിതാവുമായ മുഹമ്മദ് കുഞ്ഞി രണ്ടു വർഷം മുമ്പ് കർണ്ണാടകയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. മറ്റൊരു സാക്ഷിയും സഹോദരനുമായ അബ്ദുൽ റഷീദ് അസുഖം മൂലവും മരണപ്പെട്ടിരുന്നു. അന്നത്തെ കാസർകോട് സിഐയായിരുന്ന പി.കെ സുധാകരൻ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സതീശൻ ഹാജരായി.