കാസർകോട് നഗരത്തിലെ ട്രാഫിക് ജംങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുനിന്നു;ഡ്രൈവർക്ക് പരിക്ക്
കാസർകോട്: ബ്രേക്ക് തകരാറിലായ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പാഞ്ഞു. ഇരുചക്രവാഹനങ്ങളിലിടിച്ച ബസ് റോഡരികിലെ മതിലിൽ ഇടിച്ചു നിന്നു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഒഴിവായത് വൻ ദുരന്തം. ബുധനാഴ്ച രാവിലെ 11.30 ഓടെ കാസർകോട് നഗരത്തിലെ ട്രാഫിക് ജംങ്ഷനിലാണ് അപകടം. ചട്ടഞ്ചാലിൽ നിന്ന് ദേളി വഴി കാസർകോട് ഡിപ്പോയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പഴയ ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കിയ ശേഷം ട്രാഫിക് ജംങ്ഷനിൽ എത്തുന്നതിന് മുമ്പേ ബ്രേക്ക് തകരാറിലായി ബസ് നിയന്ത്രണം വിട്ട് മുന്നോട്ട് പോവുകയായിരുന്നു. ജംങ്ഷൻ കടന്നു പോയ ബസ് പള്ളത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. വഴിയിൽ നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളെയും ഇടിച്ചിരുന്നു. ഡിപ്പോയിലേക്കുള്ള മടക്കയാത്രയായതിനാൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് ബസിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവർ കണ്ണൂർ സ്വദേശി ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ലുകൾ പൂർണമായും തകർന്നു.