കെ സുരേന്ദ്രന് കനത്ത തിരിച്ചടി; കോഴക്കേസിൽ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് നടപടി.
പ്രോസിക്യൂഷൻ രേഖകളേക്കാൾ, പ്രതികൾ ഹാജരാക്കിയ രേഖകളാണ് കോടതി അവലംബിച്ചതെന്ന് പുനഃപരിശോധനാ ഹർജിയിൽ ആരോപിച്ചിരുന്നു. വിചാരണയ്ക്കു മുമ്പേ തീർപ്പുകല്പിക്കുന്ന രീതിയാണുണ്ടായത്. മൊഴികളിൽ പൊരുത്തക്കേടുണ്ടെങ്കിൽ സാക്ഷിക്ക് അത് വിചാരണക്കോടതിയിൽ വിശദീകരിക്കാവുന്നതാണെന്നും അതിനുള്ള അവസരം നൽകിയില്ലെന്നും ഹർജിയിലുണ്ടായിരുന്നു.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രന് അപരനായി ബി എസ് പിയിലെ കെ സുന്ദര പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്റെ അനുയായികൾ സുന്ദരയെ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ബദിയടുക്ക പൊലീസിന്റെ കേസ്.
പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപ വിലയുള്ള മൊബൈൽ ഫോണും കോഴ നൽകി അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിച്ചതായും ആരോപിക്കുന്നു. ഈ മാസം ആദ്യവാരമാണ് കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കാസർകോട് ജില്ല സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. കെ.സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി പരിഗണിച്ചായിരുന്നു ഇത്. ‘കേസ് കെട്ടിച്ചമച്ചതാണ്. പരാതിയും അന്വേഷണവും അന്തിമ റിപ്പോർട്ടും നിയമാനുസൃതമല്ല.” എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.