ഗൾഫിൽ നിന്നു കൊടുത്തയച്ച സ്വർണ്ണവടി തിരികെ നൽകിയില്ല; പൂച്ചക്കാട്ടെ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു
കാസർകോട്: ഗൾഫിൽ നിന്നു കൊടുത്തയച്ച സ്വർണ്ണവടി തിരികെ നൽകിയില്ലെന്ന വിരോധത്തിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്ന കേസിൽ നാലുപേർ അറസ്റ്റിൽ. ചിത്താരി, വാണിയംപാറ റോഡ് ജംഗ്ഷനിലെ എം. അഷ്റഫ്(35), സൗത്ത് ചിത്താരിയിലെ സി.കെ ഷഹീർ (21), ചിത്താരി പുതിയവളപ്പ് ഹൗസിലെ ഇബ്രാഹിം ഖലീൽ (30), പടന്നയിലെ യാസർ (40) എന്നിവരെയാണ് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ കെ.പി ഷൈനും സംഘവും അറസ്റ്റു ചെയ്തത്. പള്ളിക്കര, പൂച്ചക്കാട്, ചെറിയ പള്ളിക്കു സമീപത്തെ പി.പി അബ്ദുൽ മജീദിൻ്റെ പരാതി പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ അഷ്റഫും രണ്ടാംപ്രതിയായ ഷഹീലും പരാതിക്കാരൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി കാറിൽ തട്ടിക്കൊണ്ടു പോവുകയും പടന്നയിലെ റിസോർട്ടിൽ എത്തിച്ചു മർദ്ദിച്ചുവെന്നും കേസിൽ പറയുന്നു. ഇരുമ്പുവടി, ഇലക്ട്രിക് ബാറ്റൺ എന്നിവ കൊണ്ട് ആക്രമിച്ചുവെന്നും ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു. സ്വർണ്ണമോ, പണമോ, പറമ്പോ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദിച്ചതെന്നു കൂട്ടിച്ചേർത്തു.