ശസ്ത്രക്രിയയ്ക്കിടെ ഞരമ്പ് മുറിഞ്ഞ സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തു
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ 10 വയസ്സുകാരൻ്റെ കാലിലേക്കുള്ള ഞരമ്പ് മുറിഞ്ഞ സംഭവത്തിൽ പിതാവ് നൽകിയ പരാതിയിൽ ഡോക്ടർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.സീയർ സർജൻ വിനോദ് കുമാറിനെ തിരെയാണ് വെള്ളിക്കോത്ത് പെരളം തീയത്തൊട്ടിയിലെ അശോകന്റെ പരാതിയിൽ കേസെടുത്തത്. കഴിഞ്ഞമാസം 19ന് ആണ് സംഭവം. ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ച് 5 മിനിറ്റിനകം പുറത്തെത്തിയ ഡോക്ടർ തനിക്കു കൈപ്പിഴ സംഭവിച്ചെന്നും കുട്ടിയെ ഉടൻ കണ്ണൂരിലെ ആശുപത്രിയിൽ എത്തിക്കണമെന്നും പിതാവിനോട് പറയുകയുണ്ടായി. തുടർന്ന് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി 5 ദിവസത്തിനു ശേഷം കണ്ണൂരിലെ ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണങ്ങിയതല്ലാതെ അറ്റുപോയ ഞരമ്പ് തുന്നിച്ചേർക്കുകയോ ഹെർ ണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് പിതാവ് അശോകൻ്റെ പരാതി. കണ്ണൂരിലെ ആശുപത്രിച്ചെലവ് ഡോക്ടർ വിനോദ്കുമാറാണ് വഹിച്ചത്. ശസ്ത്രക്രിയ നേര ത്തെയാക്കുന്നതിന് 3000 രൂപ യും അനസ്തീസിയ ഡോക്ടർ ക്ക് 1500 രൂപയും കൈക്കൂലി നൽകിയതായും കുട്ടിയുടെ പി താവ് ആരോപിച്ചിരുന്നു. ഞരമ്പ് മുറിഞ്ഞ സംഭവം വിവാദമായതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. വിവിധ യുവജന സംഘടനകൾ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഡോക്ടർക്ക് എതിരെ നടപടിയെടുക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്ന് ഉയർന്നതോടെ ഹോസ്ദുർഗ് പൊലീസ് കേസെടുക്കുകയായിരുന്നു.