ഉപ്പളയിലെ മയക്കുമരുന്നു വേട്ട; പ്രതിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
കാസർകോട്: ഉപ്പള, പത്വാടിയിലെ വീട്ടിൽ നിന്നു കോടികളുടെ മയക്കുമരുന്നുമായി അറസ്റ്റിലായ പ്രതിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉപ്പള, പത്വാടിയിലെ അസ്കർ അലിയെ ആണ് ജില്ലാ കോടതി ഡിവൈ.എസ്.പി സി.കെ സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടത്. സെപ്തംബർ 20ന് വൈകുന്നേരമാണ് അസ്കർ അലിയുടെ വീട്ടിൽ നിന്നു 3.407 കിലോ എം.ഡി.എം.എ, 642 ഗ്രാം കഞ്ചാവ്, നിരവധി ലഹരി ഗുളികകൾ എന്നിവ പിടികൂടിയത്. പ്രതിയെ അന്നു വിശദമായി ചോദ്യം ചെയ്തുവെങ്കിലും മയക്കുമരുന്നു എത്തിയ വഴിയെ കുറിച്ചും സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ചും വിവരം ലഭിച്ചിരുന്നില്ല. സംഭവത്തിനു പിന്നിൽ വൻ സ്രാവുകൾ ഉണ്ടെന്ന് സംശയം ഉയർന്നിരുന്നുവെങ്കിലും അത് ആരാണെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് അസ്കറലിയെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.