അഞ്ച് വയസ് മുതലുള്ള പക, സല്‍മാനെ വധിക്കുക ജീവിതലക്ഷ്യം, ഈ മൃഗസ്നേഹം ദൈവത്തിന്റെ വിചിത്രമായ തമാശയോ: രാം ഗോപാല്‍ വര്‍മ്മ
അഞ്ച് വയസ് മുതലുള്ള പകയാണ് ലോറന്‍സ് ബിഷ്ണോയ്ക്ക് സല്മാന് ഖാനോട് ഉള്ളതെന്ന് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് ലോറന്‍സ് ബിഷ്ണോയ്ക്കുള്ളത് കുട്ടിക്കാലം മുതലേയുള്ള പകയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
എന്‍സിപി നേതാവും മുന്‍മന്ത്രിയുമായിരുന്ന ബാബാ സിദ്ദിഖിയുടെ കൊലപാതകവും അതിന്റെ ഉത്തരവാദിത്തം ബിഷ്ണോയ് സംഘം ഏറ്റെടുത്തതുമാണ് രാം ഗോപാല്‍ വര്‍മയുടെ പോസ്റ്റിന് ആധാരം. 1998ല്‍ ഹം സാഥ് സാഥ് ഹേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സല്മാന് ഖാന് കൃഷ്ണമൃഗത്തെ വെടിവച്ച് കൊല്ലുന്നത്.
അന്ന് ലോറന്‍സ് ബിഷ്ണോയ്ക്ക് അഞ്ച് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 25 വര്‍ഷമായി ബിഷ്ണോയ് തന്റെ പക ഉള്ളില്‍ കൊണ്ടുനടക്കുന്നു. കൃഷ്ണമൃഗത്തിനെ കൊന്നതിന് പ്രതികാരമായി സല്മാന് ഖാനെ കൊലപ്പെടുത്തുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് അവന് പറയുന്നു.
ഈ മൃഗസ്നേഹം അതിന്റെ ഉച്ചസ്ഥായിയിലാണോ അതോ ദൈവം ഒരു വിചിത്രമായ തമാശ കളിക്കുകയാണോ? എന്നാണ് രാം ഗോപാല്‍ വര്‍മ ചോദിക്കുന്നത്. അതേസമയം, രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ബാബാ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുക്കുകയായിരുന്നു.
സല്മാന് ഖാനെയും ദാവൂദ് ഇബ്രാഹിമിനെയും സഹായിച്ചെന്ന പേരിലാണ് ബാബാ സിദ്ദിഖിയ്ക്ക് നേരെ നിറയൊഴിച്ചതെന്ന് ലോറന്‍സ് ബിഷ്ണോയ് ഗ്യാങ് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സല്മാന് ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.