അപ്പാർട്ട്മെന്റിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; കേസിൽ പ്രതി കീഴടങ്ങി
കഴക്കൂട്ടം: അപ്പാർട്ട്മെന്റിൽ കയറി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം പട്ടം സ്വദേശി കൂപ്പർ ദീപു എന്ന ദീപു പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവം നടത്തിയതിന് ശേഷം മധുരയിൽ ഒളിവിൽ കഴിഞ്ഞ പ്രതി തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ അഭിഭാഷകനോടൊപ്പമാണ് കഴക്കൂട്ടം അസി. കമീഷണർ നിയാസിന്റെ ഓഫിസിൽ കീഴടങ്ങിയത്. ജില്ലയിൽ സിവിൽ സർവിസ് പരിശീലനത്തിനായി എത്തിയ യുവതിക്കുനേരെ ഒരാഴ്ചക്ക് മുമ്പാണ് അതിക്രമമുണ്ടായത്.
പെൺകുട്ടി താമസിസിച്ചിരുന്ന മുറിയിൽ അർദ്ധരാത്രി എത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. മദ്യം നൽകിയായിരുന്നു പീഡനം. പെൺകുട്ടിയുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു. പഴയ കാറുകൾ വാങ്ങി വിൽക്കുന്നയാളാണ് പ്രതി ദീപു.
തന്റെ ആൺ സുഹൃത്തിനെ പറ്റി ചിലകാര്യങ്ങൾ പറയാനുണ്ടെന്നും, നേരിട്ട് കാണണമെന്നും പറഞ്ഞ് ദീപു പെൺകുട്ടിയെ ഫോണിൽ വിളിച്ചു. അർധരാത്രിയോടെ പെൺകുട്ടി താമസിക്കുന്ന അപ്പാർട്ട്മെന്റിൽ എത്തി. ആൺ സുഹൃത്തിന്റെ ചില ഫോട്ടോകൾ പെൺകുട്ടിയെ കാണിച്ചു. തുടർന്ന് ബലമായി കീഴ്പ്പെടുത്തിയശേഷം മദ്യം നൽകി പീഡിപ്പിച്ചു.