ചോദ്യംചെയ്തപ്പോൾ ഉറങ്ങണമെന്ന് പ്രതി, പോലീസുകാരനെ കഴുത്തറുത്ത് കൊന്നതിൽ മന്ത്രവാദബന്ധമോ?
കടയ്ക്കൽ (കൊല്ലം): ചിതറയിൽ പോലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി മുഹമ്മദ് സഹദിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച തന്നെ പിടിയിലായ പ്രതി ചോദ്യം ചെയ്യാനായി വിളിക്കുമ്പോഴെല്ലാം ‘എനിക്ക് ഉറങ്ങണ ‘മെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പോലീസുകാരനായ നിലമേൽ വളയിടം സ്വദേശി ഇർഷാദിനെ (28)യാണ് കഴുത്തറുത്ത് കൊന്നത്.ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലായിരുന്നു സംഭവം. സഹദിനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ സുഹൃത്തുകളാണ്. ഇരുവരും മയക്ക് മരുന്ന് ഉപയോഗിക്കുന്നവരാണെന്ന സംശയം പോലീസിനുണ്ട്.
മികച്ച കായിക താരം കൂടിയായിരുന്ന ഇർഷാദ് സ്കൂൾ തലം മുതൽ കായിക രംഗത്ത് മികച്ച പ്രകടനമായിരുന്നു . 800 മീറ്റർ ഓട്ടമായിരുന്നു മുഖ്യ ഇനം. കായികരംഗത്തെ മികവിലാണ് അഞ്ച് വർഷം മുമ്പ് പോലീസ് സേനയിൽ പ്രവേശിക്കുന്നത്. പരിശീലനത്തിന് ശേഷം അടൂർ പോലീസ് ക്യാമ്പിൽ നിയമനം ലഭിച്ചെങ്കിലും സ്ഥിരമായി ജോലിക്ക് എത്തിയിരുന്നില്ല. ഇതിനെത്തുടർന്ന് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും അതിന് മറുപടി കൊടുത്തിരുന്നില്ല.
മാതാപിതാക്കളുടെ മരണശേഷം നിലമേൽ വളയിടത്തെ വീടുമായി ഇർഷാദിന് വലിയ ബന്ധമില്ലായിരുന്നു. സുഹൃത്തുക്കളുമായി കറങ്ങി നടക്കുകയായിരുന്നു. അവരോടൊപ്പമായിരുന്നു താമസവും. അറസ്റ്റിലായ പ്രതി സഹദ് ബാല്യകാല സുഹൃത്താണ്. സഹദ് ഉൾപ്പെട്ട ലഹരിമരുന്ന് സംഘവുമായി ഇർഷാദിന് ബന്ധമുണ്ടായിരുന്നതായും ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. ചടയമംഗലം കേന്ദ്രമായി തട്ടിപ്പ് നടത്തുന്ന മന്ത്രവാദി സംഘവുമായും ഇവർക്ക് ബന്ധമുണ്ടെന്ന് കരുതുന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.