കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് ഒന്നിന് ചിലവ് 4,28000 രൂപ. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇതേ രീതിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കിയത് 5,89,830 രൂപ. തൃക്കരിപ്പൂരില്‍ ഒരു ഹൈമാസ്റ്റ് വെളിച്ചത്തിന് നല്കിയ അധിക നിരക്ക് 61,830 രൂപ. എംഎല്‍എ ഫണ്ടില്‍ സര്‍ക്കാര്‍ അനുവദിച്ച പണമുപയോഗിച്ചാണ് നാടൊട്ടുക്കും ഗ്രാമ പ്രദേശങ്ങളില്‍ പൊന്‍ വെളിച്ചം വിതറുന്ന ഹൈമാസ്റ്റ് വിളക്കുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുള്ളത്. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 35 ഹൈമാസ്റ്റ് വിളക്കുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലെ പുതിയകോട്ട,അലാമിപ്പള്ളി,കോട്ടച്ചേരി, വെള്ളിക്കോത്ത്,മാവുങ്കാല്‍, ചാമുണ്ഡിക്കുന്ന് പരപ്പ, ഏഴാംമൈല്‍, വെള്ളരിക്കുണ്ട്, ഇക്ബാല്‍ റോഡ് എന്നിവിടങ്ങളിലും മറ്റുമാണ് ഈ പൊന്‍വെളിച്ചം ഇപ്പോള്‍ പ്രകാശിക്കുന്നത്.എം.രാജഗോപാലന്‍ എംഎല്‍എയുടെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലും,ഏതാണ്ട് ഇതേ രീതിയില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസാണ് ഇരു മണ്ഡലങ്ങളിലും ഹൈമാസ്റ്റ് വിളക്കുകള്‍ ഘടിപ്പിച്ചിട്ടുള്ളതെങ്കിലും,ടെണ്ടര്‍ നിരക്കില്‍ ഒരു വിളക്കിന് 61,830 രൂപയുടെ അധിക നിരക്കാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഹൈമാസ്റ്റ് വിളക്കുകള്‍ക്ക് ഇടത്തട്ടുകാര്‍ക്ക് നല്‍കിയിട്ടുള്ളത്. കാഞ്ഞങ്ങാട്ട് മൊത്തം 35 ഹൈമാസ്റ്റ് വിളക്കുകള്‍ക്ക് ഒരു കോടി 50 ലക്ഷം രൂപ കിസിക്ക് നല്‍കിയിട്ടുണ്ട്. ഈ നിരക്കില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നീലേശ്വരം നഗരസഭയിലടക്കം എംഎല്‍എ ഫണ്ടില്‍ നിന്ന് തുക ചില വഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റുകള്ക്ക് 21,64,050.00 രൂപ അധികം നല്‍കിയതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ പണം തൃക്കരിപ്പൂര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നാണ് ഒഴുകിപ്പോയിട്ടുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍
ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ച കേരള സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിലെ ഉദ്യോഗസ്ഥരുമായി ഇടത്തട്ടുകാര്‍ നടത്തിയ ഇടപാടിലാണ് 21 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഞാണങ്കൈ ജംക്ഷന്,പടന്ന ഗ്രാമപഞ്ചായത്തിലെ കിനാത്തില്‍, കയ്യൂര്‍-ചീമേനിഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ, നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പാലായി റോഡ്, വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട് പാലം പടിഞ്ഞാറു ഭാഗം, പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരം,ഗവ.പോളിടെക്നിക് കോളേജ് പരിസരം,കൊടക്കാട് വലിയപൊയില്‍,മാണിയാട്ട് സെന്‍ട്രല്‍, ആനിക്കാടി പാല, തോട്ടം ഗേറ്റ് പരിസരം, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ മലാംകടവ്, നല്ലോംപുഴ, കടുമേനി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ മൗക്കോട്, പുങ്ങംചാല്‍ തുടങ്ങി 16 സ്ഥലങ്ങളില്‍ 2017-2018 കാലയളവിലാണ് വിളക്കുകൾ സ്ഥാപിച്ചത്.