മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ മാതാവിനെ മകളുടെ കാമുകൻ കുത്തിക്കൊന്നു
ലക്നൗ: മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ മാതാവിനെ മകളുടെ കാമുകൻ കുത്തിക്കൊന്നു. ലക്നൗവിനു സമീപത്തെ 35കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ പതിനേഴുകാരിയായ മകൾക്ക് ഒരു പ്രണയബന്ധം ഉണ്ടായിരുന്നു. ഒരു തവണ പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ ആർക്കൊപ്പമാണ് മകൾ പോയതെന്നു മാതാവിനു അറിഞ്ഞിരുന്നില്ല. ഒളിച്ചോടി തിരിച്ചെത്തിയ മകളെ പിന്നീട് ഫാറൂഖാബാദിലെ മാതൃവീട്ടിലേക്കയച്ചു. അവിടെ വച്ച് പെൺകുട്ടി മൊബൈൽ ഫോണിൽ മണിക്കൂറുകളോളം സംസാരിക്കുന്നത് മാതൃസഹോദരൻ്റെ ശ്രദ്ധയിൽപെട്ടു. ഫോണിൽ സംസാരിക്കുന്നത് കാമുകനോട് ആയിരിക്കുമെന്നു കണക്കുകൂട്ടിയ മാതാവ് മകളെ കൊല്ലാൻ തീരുമാനിച്ചു. 50,000രൂപയ്ക്ക് സുഭാഷ് സിംഗ് എന്ന 38കാരനാണ് ക്വട്ടേഷൻ നൽകിയത്. ഇതനുസരിച്ച് കൊല നടത്താൻ എത്തിയ സുഭാഷ് സിംഗ് പെൺകുട്ടിയെ കണ്ട് ഞെട്ടി. തൻ്റെ കാമുകിയെ കൊല്ലാനാണ് ക്വട്ടേഷൻ നൽകിയതെന്നു അപ്പോഴാണ് സുഭാഷ് സിംഗിനു മനസ്സിലായത്. ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തു. എനിക്കു പകരം അമ്മയെ കൊല്ലണമെന്നും അങ്ങനെ ചെയ്താൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടി കാമുകനോട് പറഞ്ഞു. തുടർന്നാണ് മകളെ കൊല്ലാനായി മൂർച്ഛ കൂട്ടിക്കൊണ്ടു വന്ന കത്തി ഉപയോഗിച്ച് മാതാവിനെ കൊലപ്പെടുത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിനിമാ കഥകളെ വെല്ലുന്ന ക്രൈംത്രില്ലർ പുറത്തുവന്നത്. സുഭാഷ് സിംഗിനെയും കാമുകിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു.