രാജ്യ തലസ്ഥാനത്തിന് അപമാനമായി വീണ്ടും ക്രൂരപീഡനം, യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് റോഡരികില്‍ യുവതിയെ ചോരയില്‍ കുളിച്ച നിലയില്‍ ഒരു നാവിക സേന ഉദ്യോഗസ്ഥന് കണ്ടെത്തിയത്. പിന്നീട് പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറച്ചുകാലമായി ഡൽഹി ലാണ് യുവതി താമസിക്കുന്നത്. ചോരയില്‍ കുളിച്ച മുഷിഞ്ഞ ചുരിദാര്‍ ധരിച്ച് അവശ നിലയിലായിരുന്നു യുവതി. ജനനേന്ദ്രിയത്തില്‍ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
നഴ്സിംഗ് കോഴ്സ് കഴിഞ്ഞ യുവതി ഒരു വര്‍ഷം മുമ്പാണ് ജോലിക്കായി ഡൽഹിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് മാതാപിതാക്കള്‍ ഡൽഹിയിലെത്തി യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി നാട്ടിലേക്ക് തിരികെ പോകാന്‍ തയ്യാറായിരുന്നില്ല.
ഒരുമാസം മുമ്പ് യുവതിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ഇതോടെ വീട്ടുകാരുമായുള്ള ബന്ധവും ഇല്ലാതായി. പണം തീര്‍ന്നതോടെ താമസിക്കാനും ഇടമില്ലാതായി. കഴിഞ്ഞ രണ്ട് ദിവസമായി യുവതി തെരുവിലാണ് കഴിഞ്ഞതെന്ന് പോലീസ് പറയുന്നു. രാത്രി യുവതി അലഞ്ഞ് നടക്കുന്നതും നഗരത്തിലെ എടിഎമ്മിനടുത്ത് കിടന്നുറങ്ങുന്നതും സിസിടിവികളില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ മറ്റൊരിടത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.