ചെന്നൈ കവരപേട്ടൈയിലെ ട്രെയിൻ അപകടം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, ഏഴ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു
ചെന്നൈ: മൈസൂരു-ദർഭാംഗ ഭാഗമതി എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ഏഴ് ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കിയതായും റെയിൽവേ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ധൻബാദ്-ആലപ്പുഴ എക്സ്പ്രസ്, ജബൽപൂർ-മധുര സൂപ്പർഫാസ്റ്റ് സ്പെഷ്യൽ, എംജിആർ ചെന്നൈ സെൻട്രൽ- തമിഴ്നാട് എക്സ്പ്രസ്, എറണാകുളം-ടാറ്റാനഗർ എക്സ്, തിരുച്ചിറപ്പള്ളി-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, രാമനാഥപുരം എക്സ്പ്രസ് സ്പെഷ്യൽ, കോയമ്പത്തൂർ-ധൻബാദ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിലേക്ക് വഴിതിരിച്ചുവിട്ടത്. കൂടുതൽ വിവരങ്ങൾക്കായി 044-25354151, 044-25330952, 044-25330953, 044-25354995 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് റെയിൽവേ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി ചെന്നൈ റെയിൽവേ ഡിവിഷന് കീഴിലുള്ള കവരപേട്ടൈ എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിനിൻ്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. നിർത്തിയിട്ട ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 19 യാത്രക്കാർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.