ഓടിക്കൊണ്ടിരിക്കെ കാർ തലകുത്തനെ കിണറിലേക്ക് വീണു; യുവദമ്പതികൾക്ക് അത്ഭുത രക്ഷപ്പെടൽ
എറണാകുളം: കോലഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കിണറ്റിൽ വീണ യുവദമ്പതികൾക്ക് അത്ഭുത രക്ഷപ്പെടൽ. നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ച ദമ്പതികളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കൊട്ടാരക്കര സ്വദേശികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചാക്കപ്പൻ കവലയിൽ വച്ച് കാർ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയ പട്ടിമറ്റം ഫയർഫോഴ്സ് ആയിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്.
കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും കിണറ്റിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് യാത്രക്കാരെ രക്ഷിച്ചത്. കാർ യാത്രികർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെൽറ്റ് അഴിച്ച് കാറിൻ്റെ പിൻസീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനിൽ പുറത്തെത്തിയത്. മഴ പെയ്ത് കൊണ്ടിരിക്കെ പണികൾ നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാൻ സംഭവിച്ച ചെറിയൊരു പിഴവാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽപ്പെട്ടതിന് പിന്നാലെ മനോധൈര്യം കളയാതെ പ്രവർത്തിച്ചതും അഗ്നിശമന സേനയുടെ തക്ക സമയത്തെ ഇടപെടലുമാണ് ദമ്പതികൾക്ക് പുതുജീവൻ ലഭിച്ചത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്ന നിലയിലാണ് ഉള്ളത്.