ഓട്ടോ ഡ്രൈവറുടെ മരണം; യൂത്ത് ലീഗ് മാർച്ചിൽ പ്രതിഷേധമിരമ്പി
കാസർകോട്: പൊലീസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ മരണത്തിന് കാരണക്കാരനായ കാസർകോട് സബ് ഇൻസ്പെക്ടർ അനൂപ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി കുടുംബത്തിന് നീതിയുറപ്പാകണമെന്നും സാമ്പത്തിക സഹായം നൽകണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ബ്ലാക്ക് മാർച്ചിൽ പ്രതിഷേധമിരമ്പി. പൊലീസിലെ ക്രിമിനൽ വാഴ്ചക്കെതിരെ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചും പ്ലേ കാർഡ് ഉയർത്തിപ്പിടിച്ചും നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. സ്റ്റേഷന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞെങ്കിലും പിൻമാറാൻ കൂട്ടാക്കാത്ത പ്രവർത്തർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് അസീസ് കളത്തൂർ ആധ്യക്ഷം വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷ്റഫ് എടനീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് മാഹിൻ കേളോട്ട്, ജനറൽ സെക്രട്ടറി ടി.എം ഇഖ്ബാൽ, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.കെ ആരിഫ്, മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ഭാരവാഹികളായ ഹാരിസ് തായൽ, ഷംസുദ്ദീൻ ആവിയിൽ, ഗോൾഡൻ റഹ്മാൻ, എം.പി നൗഷാദ്, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ ഹാരിസ് ബെദിര, സിദ്ധീഖ് ദണ്ഡകോളി, റൗഫ് ബാവിക്കര, നദീർ കൊത്തിക്കാൽ, എം.എസ്.എഫ് സംസ്ഥാന ജില്ലാ ഭാരവാഹികളായ അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, സയ്യിദ് ത്വാഹ തങ്ങൾ, എം.എ നജീബ്, ഷാനവാസ് പള്ളിക്കര സംസാരിച്ചു.