ശുചീകരണ ക്യാമ്പിൽ പങ്കെടുക്കാൻ സ്ഥലത്തെത്തിയ ജില്ലാ കളക്ടർ കയ്യോടെ പിടികൂടിയത് പ്രദേശത്തെ വമ്പൻ സെക്സ് റാക്കറ്റിനെ;ഒളിച്ചിരുന്നത് അഞ്ച് സ്ത്രീകളും മൂന്ന് പുരുഷൻമാരും
ജയ്പൂർ: ഒരു ശുചീകരണ ക്യാമ്പിൽ പങ്കെടുക്കാൻ സ്ഥലത്തെത്തിയ ജില്ലാ കളക്ടർ കയ്യോടെ പിടികൂടിയത് പ്രദേശത്തെ വമ്പൻ സെക്സ് റാക്കറ്റിനെ. ഒരു സ്പാ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ പൊലീസ് ഇവിടെ നിന്ന് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ശുചീകരണ ക്യാമ്പിൽ എത്തിയ കളക്ടർ പ്രദേശത്ത് അടച്ചിട്ടിരുന്ന സ്പായിൽ മിന്നൽ പരിശോധന നടത്തിയതോടെയാണ് പെൺവാണിഭ സംഘം വലയിലായത്. സെക്സ് റാക്കറ്റിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റ് രീതിയിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സ്പാ അടഞ്ഞ് കിടക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ കളക്ടർ ഇവിടെ പരിശോധന നടത്താൻ ഉദ്യോഗസ്ഥരേയും കൂട്ടി എത്തുകയായിരുന്നു. രാജസ്ഥാനിലെ സാദറിലാണ് സംഭവം. കഴിഞ്ഞ മാസം ബാമറിലെ ജില്ലാ കളക്ടറായി ചുമതലയേറ്റ ടീന ദാബിയാണ് പരിശോധന നടത്തിയത്.
സാദറിൽ നടന്നുവരികയായിരുന്ന ഒരു ശുചീകരണ ക്യാമ്പിൻ്റെ പുരോഗതി പരിശോധിക്കാനാണ് ജില്ലാ കളക്ടർ എത്തിയത്. ഇതിനിടെയാണ് പ്രദേശത്ത് ഒരു സ്പായുടെ വാതിലുകൾ അകത്തു നിന്ന് അടച്ചിട്ടിരിക്കുന്ന ശ്രദ്ധയിൽപ്പെട്ടത്. ദീർഘനേരം വാതിലിൽ മുട്ടിയിട്ടും ആരും തുറന്നില്ല. തുടർന്ന് മേൽക്കൂര പൊളിച്ച് അകത്ത് കടക്കാനും പൊലീസ് ശ്രമിച്ചു. ഒടുവിൽ ബലമായി വാതിൽ തുറന്നാണ് അകത്തേക്ക് കയറിയത്. അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് ഈ സമയം അവിടെയുണ്ടായിരുന്നത്.