ചെർക്കളയിലെ പ്രസിൽ അച്ചടിച്ച അരക്കോടി രൂപയുടെ കള്ളനോട്ടുകൾ പിടികൂടി; പ്രസ് ഉടമയായ കരിച്ചേരി സ്വദേശിയും കാസർകോട്ടെ കൂട്ടാളിയുമടക്കം അഞ്ച് പേർ അറസ്റ്റിൽ
ബംഗ്ളൂരു: കാസർകോട്, ചെർക്കള കേന്ദ്രീകരിച്ച് പ്രവർത്തിച്ച കള്ളനോട്ട് സംഘം വീണ്ടും അറസ്റ്റിൽ. അരക്കോടിയിലധികം രൂപയുടെ കള്ളനോട്ടുകളുമായി പ്രസ് ഉടമ അടക്കം അഞ്ചുപേരെ ബംഗ്ളൂരു, ഹളസൂർ ഗേറ്റ് പൊലീസ് അറസ്റ്റു ചെയ്തു. ചെർക്കളയിലെ ശ്രീലിപി പ്രസ് ഉടമ കരിച്ചേരി പെരളത്തെ പ്രിയേഷ് (34), കാസർകോട് സ്വദേശിയെന്നു പറയുന്ന മുഹമ്മദ് അഫ്സൽ (34), പുതുശ്ശേരി സ്വദേശികളായ നൂറുദ്ദീൻ എന്ന അൻവർ (34), പ്രസിദ് (34),ബംഗ്ളൂരു, ശിരിഗുപ്പ, സിരിഗരെയിലെ എ.കെ അഫ്സൽ ഹുസൈൻ (29) എന്നിവരാണ് അറസ്റ്റിലായത്. എ.കെ അഫ്സൽ ഹുസൈൻ ആണ് ആദ്യം അറസ്റ്റിലായത്. റിസർവ്വ്ബാങ്ക് ഓഫ് ഇന്ത്യ ബംഗ്ളൂരു അസി. ജനറൽ മാനേജർ ബീൻ ചൗധരി നൽകിയ പരാതിയിലാണ് അറസ്റ്റ്. 25 ലക്ഷം രൂപയുമായാണ് അഫ്സൽ ഹുസൈൻ ബാങ്കിലെത്തിയത്. 2000 രൂപയുടെ ഒരു നോട്ടു നൽകിയാൽ 500 രൂപയുടെ ഒറിജിനൽ നോട്ടു ബാങ്കിൽ നിന്നു ലഭിക്കുമെന്ന് കരുതിയാണ് ഇയാൾ ബാങ്കിൽ എത്തിയത്. നോട്ടു പരിശോധിച്ചപ്പോൾ നിരോധിത 2000 രൂപയുടെ കള്ളനോട്ടാണെന്നു ബാങ്ക് അധികൃതർക്കു മനസ്സിലായി. തുടർന്നാണ് പൊലീസിൽ വിവരമറിയിച്ചത്. ഹളസൂർ ഗേറ്റ് പൊലീസെത്തി അഫ്സൽ ഹുസൈനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരെക്കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം ചെർക്കളയിലും കാസർകോട്ടും എത്തിയാണ് മറ്റു നാലു പേരെ പിടികൂടിയത്. സംഘത്തിൽ നിന്നു 27.72 ലക്ഷം രൂപയുടെ നിരോധിത 2000 രൂപ നോട്ടിൻ്റെ കള്ളനോട്ടുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചെർക്കളയിലെ ശ്രീലിപി പ്രസിൽ നിന്നു അച്ചടിച്ച കള്ളനോട്ടുകളുമായി 2024 ആഗസ്ത് 20ന് മൂന്നു പേരെ മംഗ്ളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് പിടികൂടിയിരുന്നു. പ്രസ് ഉടമ പ്രിയേഷ് (34), പെരിയ, കുണിയയിൽ താമസക്കാരനും കർണ്ണാടക പുത്തൂർ സ്വദേശിയുമായ അബ്ദുൽ ഖാദർ (58), പുത്തൂർ, ബൽനാട് സ്വദേശി അയൂബ് ഖാൻ (51), മുളിയാർ, മല്ലം, കല്ലുകണ്ടത്തെ വിനോദ് കുമാർ (23) എന്നിവരെയാണ് അന്നു പിടികൂടിയിരുന്നത്. 500 രൂപയുടെ 427 കള്ളനോട്ടുകളാണ് അന്ന് മംഗ്ളൂരു ക്ലോക്ക് ടവറിനു സമീപത്തെ ലോഡ്ജിൽ വച്ച് സംഘത്തിൽ നിന്നു പൊലീസ് പിടികൂടിയിരുന്നത്. തുടർന്ന് മംഗ്ളൂരു പൊലീസ് ചെർക്കളയിലെത്തി പ്രസും അനുബന്ധ Dark കരണങ്ങളും കണ്ടുകെട്ടിയിരുന്നു.