ലോറിയുടെ രഹസ്യ അറയിൽ നിന്ന് 8 പാക്കറ്റുകളിലായി 24 കോടി രൂപ വിലവരുന്ന 80000 യാബ ഗുളികകൾ പിടികൂടി
അഗർത്തല: അസം – ത്രിപുര അതിർത്തിയിലെ ചുരൈബാരി ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 80,000 യാബ ടാബ്ലെറ്റുകളുമായി രണ്ട് പേർ അറസ്റ്റിൽ ആയി. സംഭവത്തിൽ ത്രിപുരയിലെ കുമാർഘട്ട് സ്വദേശികളായ ടിങ്കു മലകർ, സുജിത് ദേബ് എന്നിവർ ആണ് പിടിയിലായത്.
ലോറി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. അസമിലെ കരിംഗഞ്ചിൽ നിന്ന് ത്രിപുരയിലേക്ക് കടക്കുമ്പോഴായിരുന്നു പരിശോധന. എട്ട് പാക്കറ്റുകളിലായി 80,000 യാബ ടാബ്ലെറ്റുകളാണ് ഉണ്ടായിരുന്നത്. പിടികൂടിയ മയക്കുമരുന്നിന് 24 കോടിയോളം രൂപ വിലയുണ്ടെന്ന് പൊലീസ് പറഞ്ഞു. എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരെ ജില്ലാ സിജെഎം കോടതിയിൽ ഹാജരാക്കി.
വൻ ലഹിക്കടത്ത് സംഘം പിന്നിലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലഹരിക്കടത്ത് സൂത്രധാരന്മാരെ കണ്ടെത്താൻ വിപുലമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മണമില്ലാത്ത ഈ മയക്കുമരുന്നിന് ആവശ്യക്കാരേറെയുണ്ട്. യാബ മെത്താംഫെറ്റാമൈൻ, കഫീൻ എന്നിവ സംയോജിപ്പിച്ചാണ് ഉണ്ടാക്കുന്നത്. ത്രിപുര വഴി ബംഗ്ലാദേശിലേക്ക് കടത്താൻ ലക്ഷ്യമിട്ട് മിസോറാമിൽ നിന്ന് കൊണ്ടുവന്നതാണ് യാബ ഗുളികകളെന്ന് പൊലീസ് സംശയിക്കുന്നു.