ഉപ്പളയിലെ യുവ കരാറുകാരനെ ദുരൂഹസാഹചര്യത്തിൽ കാണാതായി
കാസർകോട്: ഉപ്പളയിലെ യുവകരാറുകാരനെ ദുരൂഹസാഹചര്യത്തിൽ കാണാതായി. മണ്ണംകുഴി സ്വദേശിയും കരാറുകാരനുമായ ഇബ്രാഹിമിൻ്റെ മകൻ ഷെരീഫി(32)നെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഷെരീഫ് സ്കൂട്ടറുമായി വീട്ടിൽ നിന്നും ഇറങ്ങിയത്. രാത്രി ഏഴരമണിയോടെ ഷെരീഫിന്റെ സ്കൂട്ടർ ഷിറിയ പാലത്തിനു സമീപത്തു നിർത്തിയിട്ട നിലയിൽ കാണപ്പെട്ടു. ഈ വിവരം ആരോ വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ ഷെരീഫിനെ മൊബൈൽ ഫോണിൽ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. പല തവണ വിളിച്ചിട്ടും ഫലം ഉണ്ടായില്ല. തുടർന്നാണ് പിതാവ് ഇബ്രാഹിം മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയത്. ഷെരീഫിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.