വ്യവസായിയുടെ മരണം: മലയാളി യുവതിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു; മൂന്ന് പേർ കൂടി അറസ്റ്റിൽ
മംഗളൂരു ∙ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും വ്യവസായിയുമായ ബി.എം.മുംതാസ് അലി(52)യുടെ മരണത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കാട്ടിപ്പള്ള സ്വദേശി അബ്ദുൽ സത്താർ, കൃഷ്ണപുര സ്വദേശി മുസ്തഫ, സജിപമുന്നൂർ സ്വദേശി നടവർ ഷാഫി എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗളൂരു പൊലീസ് കമ്മിഷണർ അനുപം അഗർവാൾ അറിയിച്ചു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
മുംതാസ് അലിയുടെ ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയെയും ഭർത്താവിനെയും കാവൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായത്. ഇവരുൾപ്പെടെ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അബ്ദുൽ സത്താറിന്റെ ഡ്രൈവർ സിറാജാണ് ഇനി അറസ്റ്റിലാകാനുള്ളത്. റഹ്മത്തിനെയും ഭർത്താവ് ഷുഹൈബിനെയും ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ചില ഓഡിയോ ക്ലിപ്പുകളും പ്രതികൾ പ്രചരിപ്പിച്ചു.
മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങൾക്ക് തന്റെ മരണത്തിന് കാരണം ഈ 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ വാട്സാപ് സന്ദേശം അയച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ൽ കുളൂർ പാലത്തിന് സമീപം കാർ കണ്ടെത്തിയത്. കാറിന്റെ മുൻവശത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചതിന്റെ പാടുകളും ഉണ്ട്. മംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് മുൻ എംഎൽഎ മൊഹിയുദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മുംതാസ്.