ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി; ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു
ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോ. എൽ മനോജാണ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്തത്. ഡിഎംഒയുടെ ഡ്രൈവറുടെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു. സസ്പെൻഷനിലായിരുന്ന ഡോ.മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷന് സ്റ്റേ വാങ്ങിയിരുന്നു. ബുധനാഴ്ച തിരികെ സർവീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. നിരവധി പരാതികളാണ് ഡിഎംഒ ക്കെതിരെ ഉയർന്നുവന്നത്. ഇടുക്കി ജില്ലയിലെ വിവിധ ഗവൺമെന്റ് ആശുപത്രികളിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച ഡോക്ടർമാരെ സ്ഥലംമാറ്റം നൽകാതെ ഇതേ ആശുപത്രികളിൽ തന്നെ തുടരുന്നതിന് ഡോക്ടർമാരിൽ നിന്നും ലക്ഷകണക്കിന് തുക കൈക്കൂലിയായി വാങ്ങിയതായും കണ്ടെത്തയിരുന്നു.