ഒടുവിൽ നിര്‍ണായക പദവിയിലേക്ക്; എഡിജിപി പി വിജയൻ സംസ്ഥാന ഇന്റെലിജൻസ് മേധാവി, ഉത്തരവിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി വിജയനെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു.ഇതുസംബന്ധിച്ച നിര്‍ണായക ഉത്തരവിറങ്ങി. മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്. ഇന്റലിജന്‍സ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു.
കോഴിക്കോട്ടെ ട്രെയിനിന് തീയിട്ട കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോർത്തിയെന്നായിരുന്നു പി വിജയനെതിരായ ആരോപണം. എന്നാൽ, എംആര്‍ അജിത് കുമാറിന്റെ കണ്ടെത്തൽ അന്വേഷണത്തിൽ തള്ളിയിരുന്നു. തുടര്‍ന്ന് പി വിജയനെ സര്‍വീസിൽ തിരിച്ചെടുക്കുകയായിരുന്നു. സര്‍വീസിൽ തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണിപ്പോള്‍ നിര്‍ണായക പദവിയിലെത്തുന്നത്. ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതോടെയാണ് ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്ന മനോജ് എബ്രഹാമിന് പകരം ചുമതല നൽകുന്നത്.
മനോജ് എബ്രഹാമിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും പുതിയ ഇന്റലിജന്‍സ് വിഭാഗം മേധാവിയെ നിയമിച്ചുകൊണ്ട് ഇതുവരെ ഉത്തരവിറങ്ങിയിരുന്നില്ല. നിയമസഭ നടക്കുന്നതിനാൽ പകരം ഉദ്യോഗസ്ഥൻ വരാത്തതിനാൽ ക്രമസമാധന ചുമതല മനോജ് എബ്രഹാം ഏറ്റെടുത്തിരുന്നില്ല. എഡിജിപിമാരായ എസ്. ശ്രീജിത് , പി.വിജയൻ , എച്ച്. വെങ്കിടേഷ് എന്നിവരെയായായിരുന്നു പുതിയ ഇന്റലിജന്‍സ് മേധാവിയായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്. തുടര്‍ന്നാണിപ്പോള്‍ പി വിജയനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.