പെരിയ, പുളിക്കാലിൽ ആഡംബര കാർ ദുരൂഹസാഹചര്യത്തിൽ നിർത്തിയിട്ട നിലയിൽ; ബേക്കൽ പൊലീസ് അന്വേഷണം തുടങ്ങി, കാറിനകത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന സാധനങ്ങൾ
കാസർകോട്: പെരിയ, പുളിക്കാലിൽ റബ്ബർ തോട്ടത്തിലൂടെ കടന്നു പോകുന്ന റോഡിൽ ആഡംബര കാർ ദുരൂഹസാഹചര്യത്തിൽ നിർത്തിയിട്ട നിലയിൽ. മൂന്നു ദിവസം കഴിഞ്ഞിട്ടും കാർ എടുക്കാൻ ആരും എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാർ വിവരം ബേക്കൽ പൊലീസിനെ അറിയിച്ചു. പൊലീസെത്തി കാറിന്റെ ഉടമസ്ഥനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. പുളിക്കാലിലെ റബ്ബർ തോട്ടത്തിലൂടെ കടന്നു പോകുന്ന പഞ്ചായത്ത് റോഡിലാണ് വെള്ളനിറത്തിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന പോർഷെ കാർ നിർത്തിയിട്ട നിലയിൽ കാണപ്പെട്ടത്. പൂർണ്ണമായും അടച്ചിട്ട നിലയിലാണ് കാർ. അകത്തു സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള സാധനങ്ങൾ കാണപ്പെട്ടു. വിവരമറിഞ്ഞ് തിങ്കളാഴ്ച രാത്രി ബേക്കൽ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുളിക്കാലിലെത്തി കാർ പരിശോധിച്ചു. തുറക്കാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. അതേ സമയം കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉടമസ്ഥനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ലക്ഷങ്ങൾ വിലയുള്ള കാർ എന്തിനാണ് ഉൾപ്രദേശത്തുള്ള റോഡിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നു വ്യക്തമല്ല. ഉടമയെ കണ്ടെത്തിയാൽ മാത്രമേ കാറിനെ സംബന്ധിച്ച ദുരൂഹതകൾ നീങ്ങുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.