കാസർകോട്ടെ ഓട്ടോഡ്രൈവറുടെ മരണം; പൊലീസിന്റെ വീഴ് എ.എസ്.പി അന്വേഷിക്കും
കാസർകോട്: പൊലീസ് കസ്റ്റഡിയിലുള്ള ഓട്ടോ വിട്ടുകിട്ടാത്തതുമൂലമുള്ള മനോവിഷമം കാരണം ഡ്രൈവർ അബ്ദുൽ സത്താർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ കാസർകോട് അഡിഷണൽ എസ്.പി പി ബാലകൃഷ്ണൻ നായരെ ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ചുമതലപ്പെടുത്തി. ഡ്രൈവറുടെ മരണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കും. ആരോപണ വിധേയനായ എസ് ഐ പി അനൂബിനെ ചന്തേരയിലേക്ക് തിങ്കളാഴ്ച രാത്രി തന്നെ സ്ഥലം മാറ്റിയിരുന്നു. അഞ്ചുദിവസം മുമ്പാണ് അബ്ദുൽ സത്താറിൻ്റെ ഓട്ടോ ടൗൺ എസ് ഐ പി അനൂബും സംഘവും കസ്റ്റഡിയിലെടുത്തത്. ടൗൺപൊലീസ് ഓട്ടോ പിടിച്ചുവച്ചെന്നും വിട്ടുനൽകാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്താണ് അബ്ദുൽ സത്താർ ആത്മഹത്യ ചെയ്തത്. വിഡിയോ ശ്രദ്ധയിൽപെട്ട ആളുകൾ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. അതേസമയം വണ്ടി വിട്ടുനൽകാൻ ഡിവൈ.എസ്.പി നിർദേശിച്ച ശേഷം അബ്ദുൽ സത്താർ പൊലീസ് സ്റ്റേഷനിൽ എത്തിയില്ലെന്ന് പൊലീസും പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം രാത്രി ബന്ധുക്കൾക്ക് വിട്ടുനൽകി.