സ്വർണ്ണം, മയക്കുമരുന്ന്; യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി, അഞ്ചു പേർ അറസ്റ്റിൽ
കണ്ണൂർ: യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചുവെന്ന സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. മയ്യിൽ സ്വദേശി മാജിദ് പി.വി (36)യെയാണ് മർദ്ദിച്ചത്. സംഭവത്തിൽ ഇ. വൈഷ്ണവ് (23), കെ. ശ്രീരാഗ് (26), കെ.വി അബ്ദുൽ സമദ് (20), കെ. രജുൽ (32), പുതിയങ്ങാടിയിലെ കെ. ഷാഹിദ് (32) എന്നിവരെ പഴയങ്ങാടി എസ്.ഐ പി.യതുകൃഷ്ണയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ ബലമായി കാറിൽ പിടിച്ചു കയറ്റിയ സംഘം പഴയങ്ങാടി, വാടിക്കൽ കടവ് പ്രദേശത്ത് എത്തിച്ചു. കാറിൽ നിന്നു പുറത്തിറക്കി മർദ്ദിക്കുന്നതിനിടയിൽ മാജിദ് ഓടി രക്ഷപ്പെട്ട് സ്ഥലത്തെ ഒരു വീട്ടിൽ അഭയം തേടി. ബഹളം കേട്ട് എത്തിയ നാട്ടുകാർ അക്രമികളെ തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് മാജിദ് ഗൾഫിൽ നിന്നും എത്തിയത്. വരുമ്പോൾ സ്വർണ്ണം കൊണ്ടുവന്നതായി സുഹൃത്തായ വൈഷ്ണവിനോട് പറഞ്ഞിരുന്നുവെന്നും അത് തട്ടിയെടുക്കാനാണ് തട്ടിക്കൊണ്ടു പോയി മർദ്ദിച്ചതെന്നാണ് മാജിദ് പറയുന്നത്. എന്നാൽ അറസ്റ്റിലായ സംഘം ഇതു നിഷേധിച്ചു. പ്രതികളിൽ ഒരാളുടെ ബന്ധുവിനു മയക്കുമരുന്നു നൽകിയതിനെ കുറിച്ച് ചോദ്യം ചെയ്യാനാണ് തട്ടിക്കൊണ്ടു പോയതെന്നാണ് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞത്.