തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശാണ് (36) മരിച്ചത്. പളളിപ്പുറം മുഴുത്തിരിയാവട്ടത്ത് ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായിരുന്നു അപകടം. യുവാവിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കോട്ടയത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറിയത്.
ആംബുലൻസിലുണ്ടായിരുന്ന രോഗി പിന്നീട് രക്തസ്രാവത്തെ തുടർന്ന് മരിച്ചു. പാറത്തോട് സ്വദേശി പികെ രാജുവാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
പൊൻകുന്നത്ത് പിപി റോഡിലുള്ള വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. വീടിന്റെ ഭിത്തി പൂർണമായും തകർന്നു. വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.