അന്താരാഷ്ട്ര മയക്കുമരുന്നു കടത്തുകാരൻ മൂർഖൻ ഷാജി അറസ്റ്റിൽ
തിരുവനന്തപുരം: അന്താരാഷ്ട്ര മയക്കുമരുന്നു കടത്തുകാരൻ മൂർഖൻ ഷാജി അറസ്റ്റിൽ. ചെന്നൈയിൽ വച്ചാണ് അറസ്റ്റ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് സൂചന. ഇടുക്കി, അടിമാലി സ്വദേശിയാണ് ഷാജി. 2018 മെയ് 25ന് മണ്ണന്തലയിൽ നിന്നു 10.5 കിലോ ഹാഷിഷും 2018 ഒക്ടോബർ 25ന് തിരുവനന്തപുരം സംഗീത കോളേജിനു സമീപത്തുവച്ച് 1.800 കിലോ ഹാഷിഷും പിടികൂടിയ കേസുകളിലെ പ്രതിയാണ്. ഈ കേസുകളിൽ ഷാജിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ എക്സൈസ് നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിനിടയിൽ മൂർഖൻ ഷാജി ഒളിവിൽ പോയി. എക്സൈസ് പുറത്തു വിട്ട ലുക്ക് ഔട്ട് നോട്ടീസിൻ്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ചെന്നൈയിൽ വച്ച് പിടികൂടിയത്.