‘ഏഴുലക്ഷം രൂപ പിടിച്ചു; എഫ്.ഐ.ആറിലുള്ളത് 4.68 ലക്ഷം’; പോലീസിനെതിരെ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ
കാസർകോട്: ജില്ലയിൽ പോലീസ് പിടിച്ച ഹവാല പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്ന ആരോപണവുമായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.
2023 ഓഗസ്റ്റ് 25-ന് ഹൊസ്ദുർഗ് പോലീസ് നടത്തിയ പരിശോധനയിൽ അണങ്കൂർ ബദരിയ ഹൗസിൽ ബി.എം. ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എഫ്.ഐ.ആറിൽ 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്നറിയില്ല -എം.എൽ.എ. പറഞ്ഞു.
കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിം പറയുന്നത് നിയമവിരുദ്ധമായല്ല പണം സൂക്ഷിച്ചതെന്നാണ്. അത് തെളിയിക്കാനുള്ള രേഖകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. അതിനാൽ അദ്ദേഹം കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കേസ് നടത്തുകയാണ്. സംഭവത്തിൽ ഇബ്രാഹിം ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പരാതി സ്വീകരിച്ചെന്ന മറുപടി കിട്ടിയതല്ലാതെ മറ്റ് നടപടിയുണ്ടായില്ല.