മൂന്നുകോടി രൂപ വില മതിക്കുന്ന ഹൈഡ്രോകഞ്ചാവുമായി കാസർകോട് സ്വദേശികളടക്കം ഏഴുപേർ അറസ്റ്റിൽ
കാസർകോട്: അന്താരാഷ്ട്ര വിപണിയിൽ 3 കോടി രൂപ വിലമതിക്കുന്ന 3.31 കിലോ ഹൈഡ്രോ കഞ്ചാവുമായി കാസർകോട് സ്വദേശി ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ മെഹറൂഫ് (37), റൗഫ് (28), കണ്ണൂരിലെ റിയാസ് (44), കോഴിക്കോട്, എടപ്പാളിലെ യഹ്യ സി.എച്ച് (28), കർണ്ണാടക കുടക് സ്വദേശികളായ എം.യു. നസറുദ്ദീൻ (26), കുഞ്ചിലയിലെ അഹ്് നാസ് (26), ബെട്ടോളിയിലെ വാജിദ് (26) എന്നിവരെയാണ് കുടക് എസ്.പി കെ. രാമരാജയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. തായ്ലാൻ്റ് ബാങ്കോക്കിൽ നിന്നു വിമാനമാർഗം ബംഗ്ളൂരു വിമാനത്താവളത്തിൽ എത്തിച്ച ഹൈഡ്രോ കഞ്ചാവ് ഗോണികുപ്പയിലെത്തിച്ചതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗോണികുപ്പയിലെ ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കടത്തിനു ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്നു റാക്കറ്റുമായി ബന്ധപ്പെട്ടവരാണ് ഇപ്പോൾ അറസ്റ്റിലായതെന്നാണ് സൂചന. അറസ്റ്റിലായ കാസർകോട് സ്വദേശികളെ കുറിച്ച് കേരള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.