ഇറാനിലേയ്ക്ക് ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം
ന്യുഡൽഹി: ഇറാൻ ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നൽകാൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രി തൊട്ടു ഏതു സമയത്തും ഇറാനു നേരെ ഇസ്രായേൽ കനത്ത തോതിൽ വ്യോമാക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തിരിച്ചടി ഉണ്ടായാൽ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ. റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ഇറാനിലേയ്ക്ക് യാത്ര ചെയ്യരുതെന്നു വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ 181ൽപ്പരം മിസൈലുകളാണ് ഇസ്രായേലിനു നേരെ തൊടുത്തുവിട്ടത്. ഇവയെ ആകാശത്തുവച്ചു തന്നെ ഇസ്രായേൽ വ്യോമസേന പ്രതിരോധിച്ചതിനാൽ വലിയ നാശം ഒഴിവായെന്നു വാർത്ത ഏജൻസികൾ റിപ്പോർട്ടു ചെയ്തു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം ചേരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.