പെർവാഡ് കടപ്പുറത്ത് മീൻപിടിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കാസർകോട്: കുമ്പള പെർവാഡ് കടപ്പുറത്ത് വലയുമായി മീൻ പിടിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായ 19 കാരന്റെ മൃതദേഹം കണ്ടെത്തി. പെർവാഡ് കടപ്പുറം ഫിഷറീസ് കോളനിയിലെ അർഷാദി(19)ൻ്റെ മൃതദേഹമാണ് ബുധനാഴ്ച 12 മണിയോടെ കുമ്പള അഴിമുഖത്ത് മൽസ്യത്തൊഴിലാളികൾ കണ്ടെത്തിയത്. കരക്കെത്തിച്ച മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ വലയുമായി മീൻ പിടിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. പ്രദേശവാസികൾ നോക്കി നിൽക്കെയാണ് അർഷാദ് അപ്രതീക്ഷിതമായി അപകടത്തിൽപ്പെട്ടത്. വിവരത്തെ തുടർന്നു മൽസ്യത്തൊഴിലാളികളും ഫയർഫോഴ്സും തീരദേശ പൊലീസും കുമ്പള പൊലീസും രാത്രിവരെ തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ കോസ്റ്റൽ പൊലീസിൻ്റെയും, ഫിഷറീസിൻ്റെയും ഓരോ ബോട്ടുകളും, മത്സ്യതൊഴിലാളികളുടെ ബോട്ടുകളും, ഫയർഫോഴ്സും കടലിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടുകിട്ടിയത്. മൽസ്യത്തൊഴിലാളിയായ അർഷാദ് കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്നു. നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്നു. പെർവാഡ് കടപ്പുറം ഫിഷറീസ് കോളനിയിലെ അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകനാണ്. അർഷാന ഏക സഹോദരിയാണ്.