മംഗ്ളൂരുവിൽ എം.ഡി.എം.എ വേട്ട; മഞ്ചേശ്വരം സ്വദേശികളടക്കം അഞ്ചു പേർ അറസ്റ്റിൽ
മംഗ്ളൂരു: ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എയുമായി അഞ്ചു പേർ മംഗ്ളൂരുവിൽ അറസ്റ്റിൽ. മഞ്ചേശ്വരം, ജിഎച്ച്എസ് റോഡിലെ യാസിൻ എന്ന ഇമ്പു (25), വൊർക്കാടി, പാവൂർ, കെദംമ്പാടി ഹൗസിലെ മുഹമ്മദ് നൗഷാദ് (22), മഞ്ചേശ്വരം, ഉദ്യാവാറിലെ ഹസ്സൻ ആഷിർ (34), പയ്യന്നൂർ, പെരിങ്ങോത്തെ എ.കെ റിയാസ് (31), ഷിമോഗയിലെ അബ്ദുൽ ഷക്കീർ (24) എന്നിവരെയാണ് മംഗ്ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നു മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന 70ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മംഗ്ളൂരുവിലെ കോളേജ് വിദ്യാർത്ഥികൾക്ക് മയക്കുമരുന്നു എത്തിക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്.കോണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെട്ടിലപ്പദവിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അഞ്ചു മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ത്രാസ്, എന്നിവ കണ്ടെടുത്തു. റെയ്ഡിൽ സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി മനോജ് കുമാർ നായിക്, ഇൻസ്പെക്ടർ എച്ച്.എം ശ്യാംസുന്ദർ, എസ്.ഐ ശരണപ്പ ഭണ്ഡാരി സംബന്ധിച്ചു.