അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക; കരിപ്പൂരിലെ സ്വര്‍ണക്കടത്ത് മലപ്പുറത്തിന്റെ തലയില്‍ ഇടരുത്; മുഖ്യമന്തിക്കെതിരെ രമേശ് ചെന്നിത്തല
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മുഖ്യമന്ത്രി പിണറായി വിജയന് മലപ്പുറം ജില്ലയോടു തീര്‍ക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറം ജില്ലയിലായതു കാരണം അതുവഴി നടക്കുന്ന സ്വര്‍ണക്കടത്തുകള്‍ പിടിച്ചെടുക്കുന്നത് എല്ലാം മലപ്പുറത്തിന്റെ വിലാസത്തില്‍ ചേര്‍ക്കരുതെന്ന് അദേഹം പറഞ്ഞു.
ഈ സ്വര്‍ണക്കടത്ത് എല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കൊണ്ടുവരുന്നു എന്നും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരാണ് ഇതിന്റെ പിന്നിലെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയുന്നു.
അങ്ങനെയെങ്കില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ സ്വര്‍ണക്കടത്ത് പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കാര്യം കൂടി മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അങ്ങനെ കേസ് എടുത്തിട്ടില്ലെങ്കില്‍ അത് എന്തു കൊണ്ടാണ് എന്നും മുഖ്യമന്ത്രിക്കു പറയാന്‍ സാധിക്കണം. അല്ലാതെ ഒരു എംഎല്‍എയുമായുള്ള രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു ജില്ലയെ മൊത്തം അടച്ചാക്ഷേപിക്കരുത്.അന്‍വര്‍ എന്ന വ്യക്തിക്കു നേരെ പക തീര്‍ക്കുന്നതിന് എന്തും ചെയ്യുന്ന അവസ്ഥയിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. അന്‍വറിനെ തള്ളിപ്പറയാന്‍ സിപിഎമ്മിന് എല്ലാ അവകാശവുമുണ്ട്. പക്ഷേ അന്‍വര്‍ എന്ന വ്യക്തിയല്ല, അന്‍വര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രിയ്ക്കെതിരെ, മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ, പാര്‍ട്ടിക്കെതിരെ, സര്‍ക്കാരിനെതിരെ ഒക്കെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി എന്തിന് ഒളിച്ചോടുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം, കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ സംസാരിച്ച പി.വി. അന്‍വര്‍ എം.എല്‍.എ മുഖ്യമന്ത്രി മലപ്പുറം ജില്ലയെ വലിയ ക്രിമിനല്‍ ജില്ലയായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചു.. ആര്‍എസ്എസുമായി ചേര്‍ന്ന് മുഖ്യമന്ത്രി ഒരു സമുദായത്തെ അപരവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മാണ് ഹിന്ദുത്വ ശക്തികളെ ഏറ്റവും ശക്തമായി നേരിട്ടതെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതില്‍ തര്‍ക്കമില്ല. പക്ഷെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. മലപ്പുറം ഏറ്റവും ക്രിമിനല്‍ സംഘങ്ങളുള്ള സ്ഥലമെന്നാണു മുഖ്യന്ത്രി ദേശീയ പത്രത്തോട് പറഞ്ഞത്. ഈ വാര്‍ത്ത നേരെ ഡല്‍ഹിയിലേക്കാണ് പോകുന്നത്. സദുദ്ദേശ്യപരമാണോ, ഇത് ദുരുദ്ദേശ്യപരമാണോ. പിടിക്കപ്പെട്ടവന്റെ പാസ്പോര്‍ട്ട് പരിശോധിച്ച് അവന് ഏത് ജില്ലക്കാരനാണെന്നു നോക്കണം. ഒരു സമുദായത്തിനു മേല്‍ കേസുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇത് ശരിയായ രീതിയിലുള്ള പോക്കല്ല. അന്‍വര്‍ പറഞ്ഞു.