കേരളത്തിലേക്ക് വരുന്ന ട്രെയിൻ സമയങ്ങളിൽ മാറ്റം, മുന്നറിയിപ്പുമായി റെയിൽവേ
തൃശൂർ: സേലം റെയിൽവേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ താൽക്കാലിക മാറ്റം. വിവിധ റൂട്ടുകളിലെ സർവീസുകളിലാണ് മാറ്റം വരുത്തിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
സർവീസുകൾ ഇങ്ങനെ
ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുച്ചിറപ്പള്ളിയിൽ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി – പാലക്കാട് ടൗൺ എക്സ്പ്രസ് ട്രെയിൻ (16843) ഉച്ചയ്ക്ക് 2.45ന് കരൂരിൽ നിന്നാണ് പുറപ്പെടുക. തിരുച്ചിറപ്പള്ളിയിൽ നിന്ന് കരൂർ വരെയുള്ള ഈ ട്രെയിനിന്റെ സർവീസ് റദ്ദാക്കി.
ഒക്ടോബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിൻ (18190) പോത്തനൂർ ജംഗ്ഷൻ, കോയമ്പത്തൂർ ജംഗ്ഷൻ വഴി തിരിച്ചുവിടും. യാത്രക്കാരുടെ സൗകര്യത്തിനായി ഈ ട്രെയിൻ കോയമ്പത്തൂർ ജംഗ്ഷനിൽ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
സേലം ഡിവിഷന് കീഴിലെ മേഖലകളിൽ ഒക്ടോബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ എറണാകുളം ജംഗ്ഷൻ ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിൻ (18190) 50 മിനിട്ടും ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ് ട്രെയിൻ (13352) 45 മിനിട്ടും നിയന്ത്രണം ഉണ്ടാവുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.