പിന്നോട്ടെടുത്ത പിക്കപ്പ് വാനിൻ്റെ അടിയിൽപ്പെട്ടു, നാലുവയസ്സുകാരന് ദാരുണാന്ത്യം
ഇടുക്കി: പിന്നോട്ടെടുത്ത പിക്കപ്പ് വാനിൻ്റെ അടിയിൽപ്പെട്ട് നാലുവയസ്സുകാരന് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്.
അനൂപ് – മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പിന്നോട്ടെടുത്ത വാഹനത്തിനടിയിൽ അബദ്ധത്തിൽ കുട്ടി കുടുങ്ങുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
കുടുംബശ്രീ യോഗത്തിന് അമ്മയ്ക്കൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം. അതിനിടെ പിക്കപ്പ് ഡ്രൈവർ കുട്ടിയുടെ അമ്മയ്ക്ക് നൽകാനുള്ള പണവുമായി വന്നു.
ഡ്രൈവർ വാഹനം നിർത്തി സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് പിന്നാലെ കുട്ടിയും വാഹനത്തിന് സമീപത്തേക്ക് വന്നു. എന്നാൽ ഡ്രൈവർ ഇത് കണ്ടിരുന്നില്ല.
ഡ്രൈവർ വാഹനം എടുത്തപ്പോഴാണ് അപകടമുണ്ടായതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.