തിരുപ്പൂരിൽ അനധികൃതമായി തങ്ങിയ മൂന്ന് ബംഗ്ലാദേശികൾ കൂടി അറസ്റ്റിൽ
തിരുപ്പൂര്‍: തിരുപ്പൂര്നഗരത്തില് യാത്രാരേഖകള്‍ ഇല്ലാതെ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മണിക് ഹുസൈന് (36), മുഹമ്മദ് സവോണ്‍ (36), എം. മുഹമ്മദ് മോട്ടിന് (36) എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. മൂന്നുപേരും തിരുപ്പൂര്‍ കരുണാനിധി ബസ് നിലയത്തില്‍ നഗരത്തിലെ ചില പ്രാദേശിക സ്ഥലങ്ങളിലേക്ക് യാത്രചെയ്യാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പിടിയിലാകുന്നത്.
ഏതാനുംദിവസം മുന്‍പ് തിരുപ്പൂര്‍ സൗത്ത് പോലീസ് അറസ്റ്റുചെയ്ത ആറ് ബംഗ്ലാദേശികളുടെ സുഹൃത്തുക്കളാണ് മൂവരും. നേരത്തേ അനുപ്പര്‍പാളയം പോലീസും മൂന്ന് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. അതിലുണ്ടായിരുന്ന രണ്ടുപേര്‍ ബംഗ്ലാദേശിലെ ഒരു കൊലക്കേസില്‍ പ്രതികളുമായിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ 12 ബംഗ്ലാദേശികളാണ് തിരുപ്പൂര്നഗരത്തില് അറസ്റ്റിലായിരിക്കുന്നത്. ഇപ്പോള്‍ അറസ്റ്റിലായ മൂന്നുപേരും ഇന്ത്യ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ ശേഷമാണ് ഏതാനും മാസങ്ങള്ക്കുമുന്പേ തിരുപ്പൂരില്‍ ജോലിക്കെത്തുന്നതെന്ന് പോലീസ് പറയുന്നു.
മുതലിപ്പാളയത്തെ വസ്ത്രനിര്‍മാണശാലകളില്‍ ചെറിയജോലികള്‍ ചെയ്തുവരികയായിരുന്നു. മൂന്നുപേരെയും മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.