മകളുടെ ആത്മഹത്യ തടയാൻ മരുമകനെ ഓടിക്കൊണ്ടിരുന്ന ബസിൽ കഴുത്തുമുറുക്കിക്കൊന്നു
മുംബൈ: മകളെ നിരന്തരം ഉപദ്രവിച്ച മരുമകനെ ദമ്പതികൾ ഓടിക്കൊണ്ടിരുന്ന ബസിനകത്തു നാട ഉപയോഗിച്ചു കഴുത്തുമുറുക്കി കൊലപ്പെടുത്തി. കോലാപൂരിലാണ് സംഭവം. സന്ദീപ് ഷിർഗാവെ(35)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്ദീപിൻ്റെ ഭാര്യയുടെ മാതാപിതാക്കളായ ഹനുമന്തപ്പ കാളെ, ഗൗരവകാളെ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഭർത്താവായ സന്ദീപ് തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നും തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും മകൾ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് മരുമകനെ വകവരുത്താൻ ദമ്പതികൾ പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു. കോലാപൂരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ കയറിയ സന്ദീപിനെ ദമ്പതികൾ പിൻതുടർന്നു. യാത്രക്കിടയിൽ സന്ദീപ് ഉറങ്ങിയ തക്കത്തിൽ ഇരുവരും പാൻ്റ്സിൻ്റെ നാട ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് ഇവരെ കൂടാതെ മറ്റു രണ്ടു പേർ മാത്രമാണ് ബസിനകത്ത് ഉണ്ടായിരുന്നത്. ബസ് കോലാപൂരിൽ എത്തിയപ്പോൾ മൃതദേഹം ഇരുവരും ചേർന്ന് ബസ്സ്റ്റാൻ്റിൽ ഉപേക്ഷിച്ചു രക്ഷപ്പെട്ടുവെന്നു പൊലീസ് കൂട്ടിച്ചേർത്തു. സന്ദീപിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിൻ്റെ ചുരുളഴിക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നുവെന്നു കൂട്ടിച്ചേർത്തു.