പി.വി അൻവറിൻ്റെ ആരോപണങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് ഗൗരവത്തോടെ ചർച്ച ചെയ്യും: പി.കെ കുഞ്ഞാലിക്കുട്ടി
കാസർകോട്: നിലമ്പൂർ എം.എൽ.എ പി.വി അൻവർ പുറത്തുവിട്ട കാര്യങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് അതീവഗൗരവത്തോടെ ചർച്ച ചെയ്യുമെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസർകോട്ട് തിങ്കളാഴ്ച്ച നടന്ന മുസ്ലിം ലീഗ് ജില്ലാ ലീഡേർസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടതുമുന്നണിയുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവരാണ് ഇപ്പോൾ പുറത്തുവന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്കും വഴിവിട്ട ബന്ധങ്ങളുണ്ടെന്ന വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുർഭരണമാണ് കേരളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിച്ച് ഉമ്മൻചാണ്ടിയുടെ കാലത്തെ സൽഭരണം കൊണ്ടുവരണം -കുഞ്ഞാലിക്കുട്ടി പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ജില്ലാ ലീഡേഴ്സ് കോൺക്ലേവ് നടത്തിയത്. മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർ, പഞ്ചായത്ത്, മുൻസിപ്പൽ നിയോജക മണ്ഡലം ഭാരവാഹികൾ, ജില്ലാ സംസ്ഥാന ദേശീയ കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു.