കോളേജ് ജീവനക്കാരൻ്റെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണി; കാസർകോട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ
കാസർകോട്: കോളേജ് ജീവനക്കാരനെ കാസർകോട്ടേക്ക് വിളിച്ചു വരുത്തി ലോഡ്ജിലെത്തിച്ച് നഗ്നവീഡിയോയെടുത്തു പണം തട്ടിയെന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ. ചെങ്കള, പാണലത്തെ മുഹമ്മദ് റാഷിദ് (21), നാലാംമൈലിലെ മുഹമ്മദ് അസ്കർ (21), ഇന്ദിരാനഗറിലെ മുഹമ്മദ് അഷ്ഫാദ്(21) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പിലെ ഒരു എയ്ഡഡ് കോളേജിലെ ലാബ് അസിസ്റ്റൻ്റ് ബ്ലാത്തൂർ, കുന്നുപുറം ഹൗസിലെ അബ്ദുൽ ജബ്ബാർ (26) നൽകിയ പരാതിയിലാണ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് അറസ്റ്റിനാസ്പദമായ സംഭവം. പ്രതിയെ ഫോൺ ചെയ്ത് കാസർകോട് റെയിൽവെസ്റ്റേഷൻ പരിസരത്തേക്ക് വിളിച്ചു വരുത്തുകയും പിന്നീട് കാറിൽ കയറ്റി ഒരു ലോഡ്ജിൽ എത്തിക്കുകയും ചെയ്തു. തുടർന്നു ഭീഷണിപ്പെടുത്തുകയും നഗ്നനാക്കുകയും ചെയ്ത ശേഷം വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 13,600 രൂപ ഫോൺ പേ വഴി കൈക്കലാക്കുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കി. സംഘം കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നു കൂട്ടിച്ചേർത്തു.