500 രൂപയുടെ നോട്ടിൽ ഗാന്ധിജിക്ക് പകരം പ്രമുഖ നടൻ, ഒപ്പം അക്ഷരത്തെറ്റും; പിടികൂടിയത് ഒന്നരക്കോടിയുടെ കള്ളനോട്ട്
അഹമ്മദാബാദ്: രാജ്യത്ത് വ്യാജ നോട്ടുകൾ പിടിക്കപ്പെടുന്നത് ആദ്യത്തെ സംഭവമല്ല. എന്നാൽ, ഗാന്ധിജിക്ക് പകരം സിനിമാ നടന്റെ ചിത്രം പതിച്ച നോട്ടുകൾ ഇതാദ്യമായാണ്. ബോളിവുഡ് നടൻ അനുപം ഖേറിന്റെ ചിത്രമുള്ള 1.60 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് ഗുജറാത്തിൽ നിന്നും അഹമ്മദാബാദ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഗുജറാത്തി മാദ്ധ്യമമായ ‘ടിവി9’ ആണ് വാർത്ത പുറത്തുവിട്ടത്.
നോട്ടുകളിൽ ‘റിസർവ് ബാങ്ക് ഒഫ് ഇന്ത്യ’ എന്നതിന് പകരം ‘റിസോൾ ബാങ്ക് ഒഫ് ഇന്ത്യ’ എന്നാണ് അച്ചടിച്ചിരിക്കുന്നത്. വ്യാജ നോട്ടുകളുടെ ചിത്രം ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പലരും നോട്ടുകളുടെ ചിത്രം കണ്ട് ഞെട്ടിയെങ്കിലും ഭൂരിഭാഗം പേരും വലിയ തമാശയായാണ് ഇതിനെ കണ്ടത്. വ്യാജ നോട്ടുകൾ അച്ചടിച്ചവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് സൂറത്തിലെ ഒരു ഓൺലൈൻ വസ്ത്ര വിൽപ്പനശാലയിൽ നിന്നും വ്യാജ നോട്ടുകൾ നിർമിക്കുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നടൻ ഷാഹിദ് കപൂർ അഭിനയിച്ച ‘ഫാർസി’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികൾ വ്യാജ നോട്ടുകൾ നിർമിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ്ദീപ് നകം പറഞ്ഞു. വ്യാജ നോട്ടുകൾ ഉപയോഗിച്ച് സമ്പന്നനാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
സംഭവത്തിൽ നാലുപേരെയാണ് സൂറത്ത് സ്പെഷ്യൽ ഓപ്പറേഷൻസ് സംഘം അറസ്റ്റ് ചെയ്തത്. ഓൺലൈനായി വസ്ത്രവ്യാപാരം നടത്താനെന്ന വ്യാജേന ഒരു കെട്ടിടം വാടകയ്ക്കെടുത്ത ശേഷമാണ് പ്രതികൾ നോട്ടുകൾ അച്ചടിക്കാൻ തുടങ്ങിയത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്.