സാമ്പത്തിക ഇടപാടിനെച്ചൊല്ലി വിദ്യാനഗർ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്നു ഭീഷണി; ഒരാൾ അറസ്റ്റിൽ
കാസർകോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് വിദ്യാനഗർ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മർദ്ദിച്ചവശനാക്കിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കുമ്പള, ബംബ്രാണയിലെ മൂസ (51)യെ ആണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതിയായ സിദ്ദിഖിനെ തെരയുന്നതായി പൊലീസ് പറഞ്ഞു. വിദ്യാനഗർ സ്വദേശി സുലൈമാൻ്റെ പരാതി പ്രകാരമാണ് അറസ്റ്റ്. സെപ്തംബർ 25നാണ് കേസിനാസ്പദമായ സംഭവം. കുമ്പളയിൽ നിൽക്കുകയായിരുന്ന സുലൈമാനെ സിദ്ദിഖും മൂസയും ചേർന്നു കാറിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. പണം ആവശ്യപ്പെട്ട് കാറിനകത്തു വച്ചും ബംബ്രാണ ഭാഗത്തുള്ള ഒരു കെട്ടിടത്തിൻ്റെ വരാന്തയിൽ വച്ചും വടി കൊണ്ടു അടിക്കുകയും കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു. പിറ്റേ ദിവസം രാവിലെ 8 മണിക്കാണ് മോചിപ്പിച്ചതെന്നു കൂട്ടിച്ചേർത്തു.