ആലപ്പുഴയിൽ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും
ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്തിലെ വാടയ്ക്കലിൽ യുവാവിനെ റോഡിലിട്ടു ചവിട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ പള്ളിവെളി വീട്ടിൽ സുരാജ് എന്നുവിളിക്കുന്ന ശരത്പ്രസാദിനെ(34)യാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.
2020 ഒക്ടോബർ 24-നായിരുന്നു സംഭവം. വാടയ്ക്കൽ തൈവെളിയിൽ വീട്ടിൽ പ്രസന്നന്റെ മകൻ പ്രഭാഷാ(42)ണ് കൊലചെയ്യപ്പെട്ടത്. കുഴഞ്ഞുവീണതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പ്രഭാഷ് മരിക്കുകയായിരുന്നു. അടിപിടിയിൽ വാരിയെല്ലൊടിഞ്ഞ് കരളിൽ തുളച്ചുകയറിയതുമൂലമുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലാണ് കൊലപാതകമാണെന്ന നിഗമനത്തിലെത്തിച്ചത്.
ദൃക്സാക്ഷികളിൽ ഭൂരിഭാഗവും കൂറുമാറിയ കേസിൽ മരണപ്പെട്ട പ്രഭാഷിന്റെ സുഹൃത്ത് സജി മുകുന്ദന്റെ മൊഴിയും ശാസ്ത്രീയതെളിവുകളും നിർണായകമായി. പുന്നപ്ര പോലീസ് ഇൻസ്പെക്ടറായിരുന്ന എം. യഹിയ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ, അഡ്വ. ദീപ്തി, അഡ്വ. നാരായൺ ജി. അശോക് എന്നിവർ ഹാജരായി.