തൃശ്ശൂരിലെ എ.ടി.എം കവർച്ചാ സംഘം തമിഴ്നാട് പോലീസിന്റെ പിടിയിൽ
ചെന്നൈ: തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കൽ ജില്ലയിലെ പച്ചംപാളയത്തുവെച്ചാണ് ആറംഗ സംഘം പോലീസിന്റെ വലയിലായത്. രക്ഷപ്പെടാൻ ശ്രമിച്ച കണ്ടെയ്നർ ലോറി പിന്തുടർന്ന് തമിഴ്നാട് പോലീസാണ് സംഘത്തെ സാഹസികമായി പിടികൂടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. അതിനിടെ വെടിവെപ്പുണ്ടാകുകയും പ്രതികളിലൊരാൾ വെടിയേറ്റ് മരിക്കുകയും ചെയ്തു. മോഷണത്തിനായി ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്.കെ.ലോജിസ്റ്റിക്സിൻ്റേതാണ് കണ്ടെയ്നർ എന്നാണ് പ്രാഥമിക വിവരം. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്. അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്നാട് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം. പിന്നിൽ പ്രൊഫഷണൽ ഗ്യാങ് ആണെന്ന് സംശയിക്കുന്നതായി തൃശ്ശൂർ എസ്.പി. നേരത്തെ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ നടന്ന കവർച്ചയിൽ, മൂന്ന് എ.ടി.എമ്മുകളിൽനിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്. ഷൊർണൂർ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്.ബി.ഐ എടിഎമ്മിലാണ് 2.10-ന് ആദ്യം മോഷണം നടന്നത്. കഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകൾ ഈ എടിഎമ്മിൽ അധികൃതർ നിറച്ചിരുന്നു. ഇത് കവർച്ചാ സംഘം കണ്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. എടിഎമ്മുകൾക്കു മുൻപിലെ സി.സി.ടി.വി ക്യാമറകൾക്കുമേൽ കറുപ്പ് നിറത്തിലുള്ള പെയിൻ്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. കാറിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എമ്മിൽ നിന്ന് പണം കവർന്നത്. മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷൻ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്.