ബലാത്സംഗ കേസില്‍ സിദ്ദിഖ് ഒളിവില്‍ തന്നെ; അതിജീവിത കള്ള സാക്ഷിയെ സൃഷ്ടിച്ചെന്ന് മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപണം
തിരുവനന്തപുരം: നടന് സിദ്ദിഖ് ഒളിവില്‍ തന്നെ. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി നാല് ദിവസമായിട്ടും സിദ്ദിഖിനെ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഫലമായി.
നടന്റേയും സുഹൃത്തുക്കളുടേയും വീടുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. അതേസമയം, മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹര്‍ജി കഴിഞ്ഞ ദിവസം കോടതി രജിസ്റ്റര്‍ ചെയ്തിരുന്നു.
അതിജീവിത കള്ള സാക്ഷിയെ സൃഷ്ടിച്ചു എന്നാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്. മാസ്ക്കറ്റ് ഹോട്ടലില്‍ തന്റെ മുറിയിലേക്ക് എത്തിച്ച ആള് എന്ന നിലയിലാണ് കള്ള സാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നത്.
നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ താന്‍ പോലീസില്‍ പരാതി നല്കി. ഇതിന് പിന്നാലെയാണ് അതിജീവിത പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാരും ഹൈകോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു.