മാഹിയിൽ നിന്ന് കണ്ടെയ്നർ ലോറിയിൽ ഡീസൽ കടത്ത്; തടയാൻ ശ്രമിച്ച ജി.എസ്.ടി ഉദ്യോഗസ്ഥരെ ലോറി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം
കണ്ണൂർ: മാഹിയിൽ നിന്നു നികുതി വെട്ടിച്ച് ഡീസൽ കടത്തുന്നത് തടയാൻ ശ്രമിച്ച ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ കാറിൽ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമം. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ ചൊക്ലിക്കടുത്തെ കരിയാടാണ് സംഭവം. ജി.എസ്.ടി.യുടെ തലശ്ശേരി എൻഫോഴ്സ്മെൻ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറിൽ ഡീസൽ കടത്തിനുപയോഗിച്ച കണ്ടെയ്നർ ലോറിയിടിച്ചാണ് അക്രമം നടത്തിയത്. കണ്ടെയ്നർ ലോറിയിൽ മാഹിയിൽ നിന്നു ഡീസൽ കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. ബൊലേറോ വാഹനത്തിൽ എത്തിയ ഉദ്യോഗസ്ഥർ കരിയാട് റോഡരുകിൽ കാത്തിരുന്നു. ഇതിനിടയിൽ എത്തിയ കണ്ടെയ്നർ ലോറിക്കു കൈ കാണിച്ചപ്പോൾ കാറിൽ ഇടിച്ചു സംഘം ലോറിയുമായി രക്ഷപ്പെട്ടു. ലോറിയെ പിൻതുടർന്ന് പിടികൂടാനുള്ള ശ്രമത്തിനിടയിൽ എസ്കോർട്ടായി എത്തിയ കാറിൽ ഉണ്ടായിരുന്നവർ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞതായും പരാതിയിൽ പറഞ്ഞു. ജി.എസ്.ടി ഇൻസ്പെക്ടർ അനിൽ കുമാറിൻ്റെ പരാതിയിൽ ചൊക്ലി പൊലീസ് ഡീസൽ കടത്തുകാർക്കെതിരെ കേസെടുത്തു. സെപ്തംബർ 22ന് ഇതേ കണ്ടയ്നർ ലോറിയിൽ ഡീസൽ കടത്തുന്നത് പിടികൂടിയിരുന്നു. അന്ന് 1,80,000 രൂപ ജി.എസ്.ടി പിഴ ചുമത്തിയിരുന്നു.