17 സ്കൂൾ വിദ്യാർഥികൾക്ക് പ്രിൻസിപ്പാളറിയാതെ ‘ടിസി’; വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന് നിഗമനം
മലപ്പുറത്ത് 17 സ്കൂൾ വിദ്യാർഥികൾക്ക് പ്രിൻസിപ്പാളറിയാതെ ‘ടിസി’ നൽകി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്നാണ് നിഗമനം. തവനൂരിലെ കേളപ്പൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഈ വർഷം പുതിയതായി സ്കൂളിൽച്ചേർന്ന വിദ്യാർഥികളെയാണ് സ്കൂൾ അധികൃതർ അറിയാതെ സ്കൂളിൽനിന്ന് വിടുതൽ ചെയ്തത്. പ്രിൻസിപ്പൽ വി. ഗോപിയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറിയാണ് കുട്ടികള്‍ക്ക് ടിസി നൽകിയിരിക്കുന്നത്. ഒന്നാംവർഷ പരീക്ഷയുടെ നോമിനൽ റോൾ പരിശോധനയ്ക്കിടെയാണ് സംഭവം പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെട്ടത്. കൊമേഴ്സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയൻസിലെ പന്ത്രണ്ടും വിദ്യാർഥികളുടെ ടിസിയാണ് പ്രിൻസിപ്പൽ അറിയാതെ അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രിൻസിപ്പലിന്റെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താണ് ടിസി അനുവദിച്ചത്. ഏത് കംപ്യൂട്ടറിൽനിന്നാണ് ലോഗിൻ ചെയ്തതെന്ന് കണ്ടെത്താൻ പോലീസ് സൈബർ സെല്ലിന്റെ സഹായംതേടി.