40 പവൻ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി; സത്യസന്ധനായ ഓട്ടോ ഡ്രൈവർക്കു നാടിൻ്റെ അനുമോദനം
കാസർകോട്: യാത്രക്കാരി ഓട്ടോയിൽ മറന്നുവച്ച 40 പവൻ സ്വർണ്ണാഭരണം ഓട്ടോ ഡ്രൈവർ ഉടമസ്ഥയെ തിരിച്ചേൽപ്പിച്ചു. നായന്മാർമൂലയിലെ ഓട്ടോ ഡ്രൈവർ അബ്ദുസലാമാണ് യാത്രക്കാരി മറന്നുവച്ച സ്വർണ്ണം തിരിച്ചു നൽകി സത്യസന്ധതയുടെ അഭിമാനമായത്. എസ്.ടി.യു.വിൻ്റെയും മുസ്ലിം ലീഗിൻ്റെയും സജീവപ്രവർത്തകനാണ് അബ്ദുൽസലാം. ഉളിയത്തടുക്ക ഇസ്സത്തുനഗറിൽ നിന്നു ചാലയിലേക്കു ഓട്ടോയിൽ കയറിയ സ്ത്രീയുടെ ബാഗ് യാത്രക്കിടയിൽ മറന്നു പോവുകയായിരുന്നു. ഈ ബാഗിൽ 40 പവൻ സ്വർണ്ണാഭരണമായിരുന്നു. സ്ത്രീ വീട്ടിലെത്തിയ ശേഷമാണ് ആഭരണം നഷ്ടപ്പെട്ട വിവരം മനസ്സിലായത്. ഉടൻ നായന്മാർമൂല ഓട്ടോ സ്റ്റാൻ്റുമായി ബന്ധപ്പെട്ടു വിവരം കൈമാറി. ഓട്ടോ റിക്ഷാ ഡ്രൈവർമാർ വിവരം അവരുടെ ഗ്രൂപ്പിലിട്ടു. അന്വേഷണത്തിൽ അബ്ദുൽസലാമിൻ്റെ ഓട്ടോയിലാണ് സ്ത്രീ യാത്ര ചെയ്തതെന്നു തിരിച്ചറിഞ്ഞു. ഓട്ടോയിൽ നടത്തിയ അന്വേഷണത്തിൽ സ്വർണ്ണാഭരണമടങ്ങിയ ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗ് ഉടമസ്ഥയെ തിരിച്ചേൽപ്പിച്ചു.